News Desk

2021-05-27 10:18:09 am IST

ദോഹ: ഖത്തറില്‍ കൊവിഡ് രോഗികള്‍ കുറഞ്ഞുവരുന്ന പശ്ചാത്തലത്തില്‍ നിലവില കൊവിഡ് നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ ആദ്യഘട്ടം മെയ് 28 മുതല്‍ തുടങ്ങും. വാക്‌സിന്‍ രണ്ടുഡോസും എടുത്തവര്‍ക്ക് നിരവധി ഇളവുകള്‍ മന്ത്രിസഭാ പ്രഖ്യാപിച്ചിട്ടുണ്ട്. 

വാക്‌സിന്‍ എടുത്തവരെ മാത്രം പ്രവേശിപ്പിച്ച് തുറന്നുപ്രവര്‍ത്തിക്കാന്‍ ബാര്‍ബര്‍ ഷോപ്പ്, ജിംനേഷ്യം, സിനിമ തീയേറ്റര്‍, മസ്സാജ് പാര്‍ലറുകള്‍ എന്നിവക്ക് മന്ത്രിസഭ അംഗീകാരം നല്‍കി. ഈ സ്ഥാപനങ്ങള്‍ ആകെ ശേഷിയുടെ 30 ശതമാനത്തില്‍ പുനരാരംഭിക്കാം. ജീവനക്കാരും വാക്‌സിന്‍ സ്വീകരിച്ചവരാകണം.

അതേസമയം, നിയന്ത്രണങ്ങള്‍ എടുത്തുകളയുന്നതിന്റെ ആദ്യ ഘട്ടത്തിലെ നിയമങ്ങള്‍ പാലിക്കണമെന്ന് വാണിജ്യ വ്യവസായ മന്ത്രാലയത്തിലെ വാണിജ്യ രജിസ്‌ട്രേഷന്‍, ലൈസന്‍സ് വകുപ്പ് ഡയറക്ടര്‍ യെഡ് അല്‍ ഖഹ്താനി ആവശ്യപ്പെട്ടു. സ്ഥാപനങ്ങളിലെ തൊഴിലാളികള്‍ എല്ലാം രണ്ടു ഡോസ് വാക്‌സിന്‍ സ്വീകരിച്ച് 14 ദിവസം പിന്നിട്ടവര്‍ ആണെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം പറഞ്ഞു. 

'ബാര്‍ബര്‍ഷോപ്പുകള്‍, സലൂണുകള്‍, ജിമ്മുകള്‍ വെള്ളിയാഴ്ച തുറക്കും. നടപടിക്രമങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് ഞങ്ങള്‍ ഉറപ്പുവരുത്തും. വാണിജ്യ കേന്ദ്രങ്ങളിലും കടകളിലും ക്യാംപയിന്‍ നടത്തും. നിയമലംഘകരെ ഗുരുതരമായി ശിക്ഷിക്കും.'', അദ്ദേഹം പറഞ്ഞു.

അനുവദിച്ച 30 ശതമാനം ശേഷിയില്‍ കൂടുതല്‍ ആളുകളെ പ്രവേഷിപ്പിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടാല്‍ റെസ്റ്റോറന്റിന്റെയോ കഫേയുടെയോ ഉടമയെ അറിയിക്കും. അദ്ദേഹം ഞങ്ങളോട് പ്രതികരിക്കുകയാണെങ്കില്‍ സ്ഥാപനം അടച്ചുപൂട്ടില്ല. എന്നാല്‍ ഒരു പ്രതികരണവും ഇല്ലെങ്കില്‍ നിയമപരമായ നടപടികള്‍ കൈക്കൊള്ളുകയും സ്ഥാപനം അടച്ചുപൂട്ടുകയും ചെയ്യും.', അദ്ദേഹം പറഞ്ഞു.

അതേസമയം, മൂന്ന് ആഴ്ചകള്‍ നീളുന്ന നാലു ഘട്ടങ്ങളായി രാജ്യത്തെ എല്ലാ കൊവിഡ് നിയന്ത്രണങ്ങളും നീക്കും. രണ്ടാംഘട്ട നിയന്ത്രണങ്ങള്‍ നീക്കല്‍ ജൂണ്‍ 18 മുതലും മൂന്നാംഘട്ടം ജൂലൈ ഒമ്പതുമുതലും നാലാംഘട്ടം ജൂലൈ 30 മുതലുമാണ് നടപ്പാക്കിത്തുടങ്ങുക.



കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top