News Desk

2021-05-22 03:39:07 pm IST
ദോഹ: തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും ഫിഫയെപ്പോലെ തന്നെ ഖത്തറും മുന്‍ഗണന നല്‍കുന്നുവെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ. 2022 ഖത്തര്‍ ലോകകപ്പ് മികച്ചതും മാതൃകാപരവുമാകുമെന്നും അദ്ദേഹം പറഞ്ഞു.

വീഡിയോ കോണ്‍ഫറന്‍സിലൂടെ നടന്ന 71-ാമത് ഫിഫ കോണ്‍ഗ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോകകപ്പുകളുടെ ചരിത്രത്തിലും ഏറ്റവും മാതൃകാപരമായ പതിപ്പാകും ഖത്തറില്‍ നടക്കുക. തൊഴിലാളികള്‍ക്കും മനുഷ്യാവകാശങ്ങള്‍ക്കും മുന്‍ഗണന നല്‍കുന്ന ഖത്തര്‍ 2022 ഫിഫ ലോക കപ്പ് അവിസ്മരണീയമാക്കുമെന്ന് ഫിഫ പ്രസിഡന്റ് പറഞ്ഞു .

കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ഫിഫ ലോകകപ്പിന്റെ ഏറ്റവും മികച്ച പതിപ്പ് സംഘടിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമായി മുന്നോട്ട് വന്ന ഖത്തറില്‍ ഫിഫ പ്രസിഡന്റ് തികഞ്ഞ ആത്മവിശ്വാസം പ്രകടിപ്പിച്ചു. 2022 ഫിഫ ലോകകപ്പ് വിജയകരമാക്കാന്‍ ഖത്തര്‍ നടത്തിയ മികച്ച തയ്യാറെടുപ്പുകള്‍ പ്രശംസനീയമാണ്. 

കാല്‍പന്തുകളിയാരാധകര്‍ക്കും ടീമുകള്‍ക്കും പ്രതിനിധികള്‍ക്കും ഖത്തര്‍ നല്‍കുന്ന കായിക-സേവന സൗകര്യങ്ങള്‍ ലോകത്തെ അത്ഭുതപ്പെടുത്തുന്നതായിരിക്കും. സംഘാടന മികവിലും സൗകര്യങ്ങളുടെ നിലവാരത്തിലും ടൂര്‍ണമെന്റ് നടത്തിപ്പിലുമെല്ലാം ഖത്തര്‍ എഡിഷന്‍ അസാധാരണമാകുമെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

മനുഷ്യാവകാശ സംരക്ഷണത്തിന് ഫിഫ പ്രതിജ്ഞാബദ്ധമാണ്. ഖത്തറിനും ഇതേ നിലപാടാണുള്ളത്. 2021 അവസാനം ഫിഫ ഖത്തറില്‍ സംഘടിപ്പിക്കുന്ന അറബ് കപ്പിലേക്ക് എല്ലാ അന്താരാഷ്ട്ര സംഘടനകളെയും ക്ഷണിക്കുന്നതായും ഖത്തറില്‍ നേരിട്ട് വന്ന് യാഥാര്‍ഥ്യം മനസ്സിലാക്കാന്‍ സാധിക്കുമെന്നും ചോദ്യങ്ങള്‍ക്കു മറുപടിയായി ഇന്‍ഫന്റിനോ പറഞ്ഞു.

2022 ലെ ലോകകപ്പ് കാണാനുള്ള അവസരമാകും അറബ് കപ്പ് നല്‍കുക. ഓരോ രണ്ട് വര്‍ഷവും ലോകകപ്പ് നടത്തണമെന്ന സൗദി ഫുട്‌ബോള്‍ ഫെഡറേഷന്‍ സമര്‍പ്പിച്ച നിര്‍ദേശം ഫിഫ പിന്തുണച്ചതായി ഫിഫ പ്രസിഡണ്ട് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ്  ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Top