News Desk

2021-11-23 05:25:50 pm IST
ദോഹ: 2022 ലോകകപ്പിന് ആതിഥേയത്വം വഹിക്കുന്ന ഖത്തര്‍ ഉന്നത ഫിഫ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചാരപ്പണിയ്ക്കായി അമേരിക്കന്‍ രഹസ്യാന്വേഷണ ഏജന്‍സിയായ സി.ഐ.എയിലെ മുന്‍ ഉദ്യോഗസ്ഥനെ ഉപയോഗിച്ചതായി റിപ്പോര്‍ട്ട്. മുന്‍ സി.ഐ.എ ഉദ്യോഗസ്ഥനായ കെവിന്‍ ചാല്‍ക്കറെ വര്‍ഷങ്ങളോളം ഖത്തര്‍ ഫിഫ ഉദ്യോഗസ്ഥര്‍ക്കിടയില്‍ ചാരപ്പണിയ്ക്ക് നിയോഗിച്ചതായാണ് അസോസിയേറ്റ് പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. നിരവധി അന്താരാഷ്ട്ര മാധ്യമങ്ങളും അസോസിയേറ്റ് പ്രസിനെ ഉദ്ധരിച്ച് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 

2022 നവംബര്‍ 21-ന് ആരംഭിക്കുന്ന ലോകകപ്പ് മത്സരത്തിന് ആതിഥേയത്വം വഹിക്കുന്നത് ഖത്തറാണ്. അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ എതിരാളികളില്‍ നിന്ന് അതിഥേയത്വം വഹിക്കാനുള്ള അവകാശങ്ങള്‍ നേടിയെടുക്കാന്‍ വേണ്ടി 2010-ല്‍ നടന്ന ലേലത്തില്‍ കെവിന്‍ ചാല്‍ക്കറെ ഖത്തര്‍ ഉപയോഗിച്ചതായും റിപ്പോര്‍ട്ടില്‍ പറയുന്നു. തങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്നതിനായി സി.ഐ.എ ഉദ്യോഗസ്ഥന് പണം നല്‍കി ഖത്തര്‍ ഉപയോഗിച്ചിരുന്നതായാണ് പറയുന്നത്. 

ചാല്‍ക്കറിന്റെ അഭിമുഖങ്ങള്‍, ഇ-മെയിലുകള്‍, ബിസിനസ്സ് ഡോക്യുമെന്റ്‌സ്, കോണ്‍്ട്രാക്റ്റുകള്‍ എന്നിവ പരിശോധിക്കുമ്പോള്‍ ചാല്‍ക്കര്‍ ആ വര്‍ഷങ്ങളില്‍  ഖത്തറിനായി പ്രവര്‍ത്തിച്ചിരുന്നതായി വ്യക്തമാകുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. വാഷിംഗ്ടണിലേക്ക് ധാരാണം ഗള്‍ഫ് പണം ഒഴുകുന്നുണ്ടെന്ന് ന്യൂജേഴ്‌സിയില്‍ നിന്നുള്ള ഡെമോക്രാറ്റായ ടോം മെലിനോവ്‌സ്‌കി പറഞ്ഞു. അവിടെയുള്ള പ്രലോഭനങ്ങളുടെ അളവ് വലുതാണെന്നും അത് അമേരിക്കകാരെ കുടുങ്ങിപ്പോകാന്‍ പാടില്ലാത്ത കാര്യങ്ങളില്‍ കൊണ്ടെത്തിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായ ഖത്തറിന് ലോകവേദിയില്‍ വരാനിരിക്കുന്ന ഒരു ഇവന്റ് നടത്താനുള്ള അവസരം കൂടിയാണിത്. അതേസമയം, ഖത്തറിനായുള്ള ചാല്‍ക്കറിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പൂര്‍ണ്ണമായും വ്യക്തമല്ല. 2014 നും 2017 നും ഇടയില്‍ ഗ്ലോബല്‍ റിസ്‌ക് അഡ്‌വെയഴ്‌സേഴ്‌സ് നിര്‍ദേശിച്ച പ്രോജക്ടുകള്‍ ലോകകപ്പുമായി നേരിട്ട് ബന്ധപ്പെട്ടതല്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

ലോകകപ്പിന് ആതിഥേയത്വം വഹിക്കാനിരുന്ന ഖത്തറിനെതിരെ നേരത്തെയും ഇത്തരത്തിലുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു വന്നിരുന്നു. ഫിഫയിലെ ഉന്നതര്‍ക്ക് കൈക്കൂലി നല്‍കിയാണ് ഖത്തര്‍ ലോകകപ്പിന് വേദി നേടിയതെന്ന ആരോപണവും നേരത്തെ ഉയര്‍ന്നു വന്നിരുന്നു. തങ്ങള്‍ക്കൊപ്പം ലോകകപ്പ് വേദിക്ക് ശ്രമിച്ച രാജ്യങ്ങള്‍ക്കെതിരെ ഖത്തര്‍ പണംമുടക്കി ദുഷ്പ്രചാരണം നടത്തി എന്ന് വെളിപ്പെടുത്തി ബ്രിട്ടീഷ് മാധ്യമമായ സണ്‍ഡേ ടൈംസ് രംഗത്തുവന്നിരുന്നു. എന്നാല്‍ ഇത്തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ക്ക് ആധികാരികത ഇല്ലെന്ന് വ്യക്തമാക്കി ഫിഫയുടെ സമിതി ഇവ തള്ളികളയുകയായിരുന്നു.   

ഇതിനു പുറമെ ചൂടുള്ള കാലാവസ്ഥ കാരണം ഖത്തറില്‍നിന്ന് വേദി മാറ്റണം, ലോകകപ്പ് നടത്താനുള്ള അടിസ്ഥാന സൗകര്യങ്ങള്‍ ഇല്ല എന്ന തരത്തിലും പ്രചാരണമുണ്ടായിരുന്നു. എന്നാല്‍ ഫുട്‌ബോള്‍ മാമാങ്കത്തിനായി മികച്ച സൗകര്യങ്ങളാണ് ഖത്തര്‍ ഒരുക്കിയിരിക്കുന്നു. ഏഴ് സ്‌റ്റേഡിയങ്ങളുടെ പണി ഇതിനോടകം തന്നെ ഖത്തര്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഖത്തറിലേക്ക് ഫുട്‌ബോള്‍ ആരാധകരെ എത്തിക്കുന്നത് നിരവധി പ്രവര്‍ത്തനങ്ങളാണ് രാജ്യത്ത് ഏകോപിപ്പിച്ചിരിക്കുന്നത്. 

നിരവധി ഫുട്‌ബോള്‍ വിദഗ്ധരും കളിക്കാരും ലോകകപ്പിനായുള്ള ഖത്തറിന്റെ ഒരുക്കങ്ങളെ പ്രശംസിച്ച് നേരത്തെ തന്നെ രംഗത്ത് വന്നിരുന്നു. ലോകകപ്പ് ചരിത്രത്തില്‍ തന്നെ കാണികള്‍ക്ക് വേറിട്ട ഒരു അനുഭവം തന്നെയായിരിക്കും ഖത്തര്‍ 2022 ഫിഫ ലോകകപ്പ് എന്നുതന്നെയാണ് ഖത്തര്‍ സന്ദര്‍ശിച്ച കായിക ലോകത്തെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടത്. 

മറ്റു രാജ്യങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു വര്‍ഷത്തിന് മുന്‍പ് തന്നെ ഫുട്ബോള്‍ മാമാങ്കത്തിന് ആതിഥേയത്വം വഹിക്കാന്‍ ഖത്തര്‍ തയ്യാറായെന്നാണ് കഴിഞ്ഞ ദിവസം ഖത്തര്‍ സന്ദര്‍ശിച്ച ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ പറഞ്ഞത്. ഇത്ര ദീര്‍ഘവീക്ഷണത്തോടെ ഒരു രാജ്യവും ലോകകപ്പിനെ ഇതുവരെ സമീപിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം.

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

ALSO WATCH

Top