News Desk

2021-06-08 08:47:37 pm IST
ന്യൂഡല്‍ഹി: എല്ലാ ജീവനക്കാരും പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ നിര്‍ബന്ധമായും ആധാറുമായി ബന്ധിപ്പിക്കണമെന്ന് എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്‍ഗനൈസേഷന്‍. ജൂണ്‍ ഒന്നു മുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി  ഇ.പി.എഫ്.ഒ അറിയിച്ചു.

ഇ.പി.എഫ്.ഒ വരിക്കാര്‍ക്ക് ലഭിക്കുന്ന യൂണിവേഴ്സല്‍ അക്കൗണ്ട് നമ്പര്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ട് എന്ന് ഉറപ്പുവരുത്തണമെന്ന് ഇ.പി.എഫ്.ഒ അറിയിച്ചു. ജീവനക്കാരുടെ പ്രൊവിഡന്റ് ഫണ്ട് അക്കൗണ്ടുകള്‍ ആധാര്‍ നമ്പറുമായി ബന്ധിപ്പിച്ചില്ലെങ്കില്‍ തൊഴിലുടമയുടെ വിഹിതം അക്കൗണ്ടിലേക്ക് വരവുവെയ്ക്കില്ല. ഇ.പി.എഫ്.ഒയുടെ പോര്‍ട്ടലില്‍ കയറി  ആധാറുമായി ബന്ധിപ്പിക്കാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്.

അതേസമയം, ജീവനക്കാരുടെ അക്കൗണ്ടുകള്‍ ആധാറുമായി ബന്ധിപ്പിച്ചിട്ടുണ്ടോ എന്ന് തൊഴിലുടമയും പരിശോധിക്കണം. എങ്കില്‍ മാത്രമേ ഇ.പി.എഫ്.ഒ വരിക്കാര്‍ക്ക് ഇലക്ട്രോണിക് ചലാന്‍ കം റിട്ടേണ്‍ ( ഇ.സി.ആര്‍) അനുവദിക്കുകയുള്ളു എന്ന്  തൊഴിലുടമകള്‍ക്ക് ഇ.പി.എഫ.്ഒ നിര്‍ദേശം നല്‍കിയിട്ടുണ്ട്.  

നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യുന്ന രീതി

* ആദ്യം ഇ.പി.എഫ്.ഒയുടെ പോര്‍ട്ടലില്‍ പ്രവേശിക്കുക.

* മുകളിലെ മെനു ബാറിലെ മാനേജ് ഓപ്ഷനിലേക്ക് കയറി വേണം നടപടികള്‍ ആരംഭിക്കേണ്ടത്.

* തുടര്‍ന്ന് കെ.വൈ.സി ഓപ്ഷന്‍ തിരഞ്ഞെടുക്കുക

* നിങ്ങളുടെ ഇ.പി.എഫ് അക്കൗണ്ടുമായി ലിങ്കുചെയ്യുന്നതിന് ''ആധാര്‍'' തിരഞ്ഞെടുക്കുക.

* നിങ്ങളുടെ ആധാര്‍ നമ്പറും പേരും നല്‍കി സേവ് ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.

* ആധാര്‍ വിശദാംശങ്ങള്‍ കൊടുത്ത് കഴിഞ്ഞാല്‍ യു.ഐ.ഡി.എയുടെ ഡേറ്റ ഉപയോഗിച്ച് ആധാര്‍ നമ്പര്‍ ഉറപ്പുവരുത്താം

കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top