News Desk

2021-03-16 04:44:01 pm IST

ബെംഗളുരു: ബെംഗളൂരുവില്‍ സൊമാറ്റോ ഡെലിവറി ബോയ് മൂക്കിനിടിച്ചുവെന്ന് പരാതി നല്‍കിയ യുവതി ഹിതേഷ ചന്ദ്രാനിക്കെതിരെ പൊലീസ് കേസെടുത്തു. സൊമാറ്റോ ജീവനക്കാരന്‍ കാമരാജിന്റെ പരാതിയിലാണ് പൊലീസ് നടപടി. ആക്രമണം, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

തന്നെ തടഞ്ഞുവെച്ച് ചെരിപ്പൂരി അടിക്കുന്നതിനിടെ യുവതിയുടെത് തന്നെ മോതിരം തട്ടിയാണ് പരുക്കേറ്റതെന്ന ഡെലിവറി ബോയിയുടെ വെളിപ്പെടുത്തലിനു പിന്നാലെയാണ് പൊലീസ് നടപടി. യുവാവിനു പിന്തുണയുമായി ചലച്ചിത്ര താരങ്ങളടക്കമുള്ളവര്‍ രംഗത്തെത്തിയിരുന്നു. 

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം വൈകിയത് ചോദ്യം ചെയ്തപ്പോള്‍ ഡെലിവറി ബോയ് തന്നെ മര്‍ദ്ദിച്ചുവെന്ന വെളിപ്പെടുത്തലുമായാണ് കണ്ടന്റ് ക്രിയേറ്ററും മേക്കപ്പ് ആര്‍ട്ടിസ്റ്റുമായ ഹിതേഷ ചന്ദ്രാനി രംഗത്തെത്തിയത്. ആക്രമണത്തില്‍ തന്റെ മൂക്കിലെ എല്ലിന് പൊട്ടലേറ്റതായും ഹിതേഷ പറഞ്ഞിരുന്നു.

എന്നാല്‍ ഹിതേഷ പറയുന്നത് ശരിയല്ലെന്നും തന്നെയാണ് മര്‍ദ്ദിച്ചതെന്നും കാമരാജ് പരാതിയില്‍ പറയുന്നു. യുവതി ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്‌തെങ്കിലും ഭക്ഷണം തിരികെ നല്‍കാന്‍ തയ്യാറായില്ല. പകരം ചെരിപ്പൂരി ആക്രമിച്ചു. അടിക്കുന്നതിനിടെ യുവതിയുടെ വിരലുണ്ടായിരുന്ന മോതിരം തട്ടിയാണ് മൂക്കില്‍ പരുക്കേറ്റതെന്നാണ് പരാതിയില്‍ വ്യക്തമാക്കുന്നത്.

തടഞ്ഞുവെയ്ക്കല്‍, ആക്രമിക്കല്‍, ക്രിമനല്‍ ഗൂഡാലോചന, തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ഇലക്ട്രോണിക് സിറ്റി പൊലീസാണ് കേസെടുത്തിരിക്കുന്നത്. കാമരാജിന്റെ വിശദീകരണം പുറത്തുവന്നതോടെ ഹിദേശക്കെതിരെ കടുത്ത അമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയരുന്നത്.

ഹിതേഷയുടെ പരാതിയില്‍ ഇലക്ട്രോണിക് സിറ്റി പൊലീസ് ഡെലിവെറി ബോയിയെ കസ്റ്റഡിയിലെടുത്തിരുന്നു. ഭക്ഷണം എത്താന്‍ വൈകിയപ്പോള്‍ യുവതി ദേഷ്യപ്പെട്ടുവെന്നും ട്രാഫിക് ബ്ലോക്കില്‍പ്പെട്ടുപോയതുകൊണ്ടാണ് വൈകിയതെന്ന് പറഞ്ഞ് അവരോട് ക്ഷമ ചോദിച്ചിരുന്നുവെന്നും കാമരാജ് പൊലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍, യുവതി കയര്‍ത്തു സംസാരിക്കുകയും ഭക്ഷണത്തിന്റെ പണം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തതായും മൊഴി നല്‍കിയിട്ടുണ്ട്. 

അതേസമയം, കാമരാജിനെ പുറത്താക്കിയതായി സൊമാറ്റോ അറിയിച്ചിട്ടുണ്ട്. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും സൊമാറ്റോ അധികൃതര്‍ വ്യക്തമാക്കിയിരുന്നു.


കൂടുതൽ വാർത്തകൾ വേഗത്തിലറിയാൻ ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകൂ

വാര്‍ത്തകള്‍ വേഗത്തില്‍ അറിയുവാന്‍ ഞങ്ങളുടെ ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Top